തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ വളപ്പിലും സമീപത്തും വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനായി ‘സ്പേസ് ’ എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
കേരള പോലീസ് ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (കെപിഎച്ച്സിസി) നേതൃത്വത്തിൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ സീറോയുടെ സഹകരണത്തോടെയാണ് ‘റീക്ലെയിം, റി ന്യൂ, റിവൈവ് ’ എന്ന ടാഗ് ലൈനിലുള്ള പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ചെയർമാനും കെപിഎച്ച്സിസി മാനേജിംഗ് ഡയറക്ടർ അംഗവുമായ സമിതിയാണ് പദ്ധതിക്ക് രൂപം നൽകുക.
പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിലൂടെ പോലീസ് സ്റ്റേഷൻ പരിസരം ശുചിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു.
വാഹനങ്ങൾ ലേലം ചെയ്യുന്ന ഏർപ്പാട് നിലവിലുണ്ടെങ്കിലും അത് ശാശ്വത പരിഹാരമായിരുന്നില്ല. പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ചെയർമാന്റെ നേതൃത്വത്തിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
വീര്യം കുറഞ്ഞ മദ്യ നികുതി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉന്നയിച്ചത് തന്നെ ചട്ടലംഘനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
റൂൾ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാൻ പാടില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് നിയമസഭയിൽ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിൽ എന്തെല്ലാം അനുവദിക്കണമെന്നത് തീരുമാനിക്കാനുള്ള അധികാരം സ്പീക്കർക്കാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എസ്ഐടി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ട് തനിക്ക് ലഭിക്കുന്നത് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.